ഭഗവൽ സാന്നിദ്ധ്യം തിരിച്ചറിയപ്പെടുന്നത് പല രീതികളിലാണ്. സ്വപ്ന ദർശനത്തിലൂടെയും സ്വയംഭൂ വിഗ്രഹ ദർശനത്തിലൂടെയുമൊക്കെ ദേവ സാന്നിദ്ധ്യം അർഹതപ്പെട്ടവരിലേയ്ക്ക് എത്തുകയും അവിടങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിച്ച് ആരാധിക്കുകയും ചെയ്യാറുണ്ട്. ജ്യോതിർലിംഗ ദർശന യാത്രയ്ക്കിടയിൽ തിരുവനന്തപുരം പാപ്പനംകോട് സ്വദേശികളായ ജി.എസ്. സുധീറിന്റെയും അജിയുടെയും മനസിലേയ്ക്കെത്തിയ ആശയമാണ് മഹാലിംഗ ഘോഷയാത്രാ ബാലാലയത്തിന്റെ നിർമിതിയിലേയ്ക്ക് നയിച്ചത്. ഉജ്ജയിനി മഹാകാളേശ്വർ ക്ഷേത്രത്തിന് സമീപം ഒരു ഘോഷയാത്രയ്ക്ക് സാക്ഷിയാകുന്ന വേളയിലായിരുന്നു ശ്രീ മഹാദേവൻ ഇവരിലേയ്ക്ക് വന്യമായ ഒരു തോന്നൽ സൃഷ്ടിച്ചത്. ശിവരാത്രി ദിവസം ശിവലിംഗവുമായി ഒരു ഘോഷയാത്രയെന്നതായിരുന്നു ലക്ഷ്യം വച്ചത്. 108 ശിവലിംഗം ആരാധിക്കണമെന്ന തോന്നലും ശക്തമായിരുന്നു.
ചർച്ചകൾ തുടർന്നതോടെ മഹാലിംഗ ഘോഷയാത്രയെന്ന യാഥാർത്ഥ്യത്തിന് തുടക്കമായി. ഓരോ ശിവരാത്രിയിലും ഒന്നിനും മുകളിൽ ഒന്നായി ശിവലിംഗം സ്ഥാപിച്ച് 108 വർഷം കഴിയുമ്പോൾ പ്രതിഷ്ഠ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇരുവരും മുന്നിട്ടിറങ്ങിയതോടെ മഹാലിംഗ ഘോഷയാത്ര ബാലാലയം യാഥാർത്ഥ്യമാകുകയായിരുന്നു. ജ്യോതിഷ ആചാര്യൻ കുമാരപുരം വിജയകുമാറായിരുന്നു മഹാലിംഗ ഘോഷയാത്രയെന്ന് നാമകരണം ചെയ്തത്. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഗുരുവിനെ തേടിയുള്ള യാത്ര ആരംഭിച്ചു. ശ്രീ മഹാദേവൻ ഇവിടെയും വഴികാട്ടിയായി. അദ്ദേഹം പാലോട് ഉണ്ണി വൈദ്യർ എന്ന ശിവ ഭക്തനിലേയ്ക്ക് എത്തിച്ചു. അദ്ദേഹമാണ് ചതുർമുഖ ലിംഗം പ്രതിഷ്ഠിച്ച് ആദ്യമായി മന്ത്രോച്ചാരണം നടത്തിയത്.,
ശിവൻ, ബ്രഹ്മാവ്, പാർവ്വതി, മഹാവിഷ്ണു തുടങ്ങിയതാണ് ചതുർമുഖ ഭാവങ്ങൾ. ഇടനിലക്കാരില്ലാതെ ഭക്തന് നേരിട്ട് അഭിഷേകങ്ങൾ നടത്താൻ കഴിയുന്നതാണ് ചതുർമുഖ ലിംഗം. 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലെ മണ്ണും പുണ്യതീർത്ഥവും കൊണ്ട് അഭിഷ്ക്തമായ ബാലാലയത്തിലെ ചതുർമുഖ ലിംഗം സർവ്വപാപ മോചനങ്ങളും സർവ്വ ദുരിത മോചനവും ലഭ്യമാക്കുന്നു.