പ്രപഞ്ചത്തിലെ ചരാചരങ്ങളുടെ ജന്മലക്ഷ്യം ഭഗവൽപാദങ്ങളിൽ ലയിക്കുകയെന്നതാണ്. എന്നാൽ ഇന്ദ്രിയ മോഹവലയങ്ങളിൽ അകപ്പെടുന്ന മനുഷ്യർ വിവിധങ്ങളായ ആസക്തികൾക്ക് അടിമപ്പെട്ട് ലക്ഷ്യത്തിൽ നിന്നും അകന്നു പോകുന്നു. തിരിച്ചറിവുണ്ടാകുന്ന കാലത്ത് തിരിച്ചു വരാൻ കഴിയാത്തത്ര അകലത്തിലേയ്ക്കായിരിക്കും എത്തിപ്പെടുക. ഇൗ ഘട്ടത്തിൽ അനശ്വരനായ ശിവഭഗവാനിലേയ്ക്ക് എത്താൻ ശ്രമിക്കുന്നവർ നിരവധിയാണ്. മരണമില്ലാത്ത ശിവഭഗവാന്റെ ഭക്തർക്കും മരണമുണ്ടാകില്ല. ശ്മശാനത്തിലെ ചുടലഭസ്മം അലങ്കാരമാക്കിയ ഭഗവാൻ അതിലൂടെ അനശ്വരമായ മോക്ഷപ്രാപ്തിയാണ് വ്യക്തമാക്കുന്നത്. പരമഭക്തന്റെ ചിതയിലെത്തി ഭസ്മം സ്വന്തം തിരുനെറ്റിയിൽ അലങ്കാരമായി ചേർക്കുന്ന ഭഗവാൻ ഭക്തനെ സ്വന്തം ശരീരത്തിലേയ്ക്ക് ആവാഹിച്ച് മോക്ഷം നൽകുന്നുവെന്നാണ് സങ്കൽപ്പം. ഉത്തരേന്ത്യൻ മഹാക്ഷേത്രങ്ങളിൽ മഹാദേവന് ചുടല ഭസ്മാരതി നിത്യപൂജയുടെ ഭാഗമാണ്. മഹാലിംഗ ഘോഷയാത്ര ബാലാലയത്തിലും ചുടലഭസ്മാരതിയുണ്ട്. ഇതിനു പുറമെ സാധാരണ ശുദ്ധ ഭസ്മാരതിയും ഭക്തർക്ക് സ്വയം ചതുർമുഖ ലിംഗത്തിൽ അർപ്പിച്ച് പാപമോചനവും ആഗ്രഹസാഫല്യവും നേടാം.