മാനവരാശിയുടെ മഹത്തായ മഹോത്സവം
കലിയുഗത്തിന്റെ കല്‍മഷങ്ങള്‍ ഒഴിഞ്ഞ് സത്യയുഗത്തിലേയ്ക്കുള്ള പ്രയാണമാണ് മാനവരാശിയുടെ മഹോത്സവമായി മാറാന്‍ പോകുന്ന മഹാലിംഗ ഘോഷയാത്ര. 2018 ല്‍ തുടങ്ങി തലമുറകള്‍ പിന്നിട്ട് 2125 ല്‍ സമാപ്തമാകുമ്പോള്‍ പ്രപഞ്ചം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹത്തരമായ പ്രതിഷ്ഠാ മഹോത്സവത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കുക. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി പാദത്തിലെ മനുകുലാദിച്ച മംഗലം ദേശത്ത് പ്രതിഷ്ഠിക്കപ്പെടുന്ന മഹാജ്യോതിര്‍ ലിംഗം ഓരോ മഹാ ശിവരാത്രി ദിനത്തിലും ഒന്നിന് മുകളില്‍ ഒന്നായി അഷ്‌ഠോത്തര ശിവ നാമാവലിക്ക് അനുസൃതമായി സ്വാംശീകരിച്ച് തലമുറകള്‍ കഴിയുമ്പോള്‍ മഹാലിംഗമായി തീരുന്നതാണ്. പ്രപഞ്ചത്തിലെ തന്നെ പുണ്യ സുദിനമായ അന്ന് ലോക നേതാക്കള്‍ മഹത്തായ മംഗള കര്‍മ്മത്തിന് സാക്ഷികളാകാന്‍ എത്തിച്ചേരും. ബ്രഹ്‌മ വിഷ്ണു മഹേശ്വരന്മാരും ശക്തിയും സമന്വയിക്കുന്ന പ്രപഞ്ചത്തിലെ ഏക സ്ഥലമായി മഹാ ജ്യോതിര്‍ലിംഗം മാറും.
തലമുറകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാ പ്രതിഷ്ഠ പൂര്‍ണമാകുമ്പോള്‍ മഹത്തരമായ മഹാലിംഗ ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചവരും ഒപ്പം നടന്നവരും ശിവപാദം പൂകിയിരിക്കും. സഞ്ചാരപ്രിയനായ ശ്രീ മഹാദേവന്റെ ഇച്ഛാനുസരണം 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലും എത്തി അവിടങ്ങളിലെ പുണ്യധൂളികളാലും പുണ്യ തീര്‍ത്ഥങ്ങളാലും അഭിഷിക്തനായി ഭാരതദേശമൊന്നാകെ സഞ്ചരിച്ച് മഹാ താപസന്മാരായ അഘോരികളുടെയും സന്യാസിമാരുടെയും പൂജകള്‍ സ്വീകരിച്ചാണ് അനന്തപുരിയില്‍ അനുഗ്രഹം ചൊരിയാനെത്തിയത്. മാനവരാശിയുടെ ഐക്യത്തിനും സാഹോദര്യത്തിനും പാതയൊരുക്കുകയെന്നതാണ് ഭഗവാന്റെ ഭാരത പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത് . ദയയും ക്ഷമയും പരസ്പര സഹായവും അന്യം നിന്നു പോകുന്ന കലികാലത്തില്‍ ഭക്തനും ഭഗവാനും തമ്മില്‍ അകലമില്ലാതാക്കുകയാണ് ശ്രീ മഹാദേവന്‍. അവനവന്റെ ദുഃഖങ്ങള്‍ ഭഗവാനോട് ഇടനിലക്കാരില്ലാതെ പങ്കുവയ്ക്കുകയും സ്വയം അഭിഷേകം ചെയ്ത് ദുരിത മോചനം നേടുകയും ചെയ്യുന്നതിനുള്ള അവസരമാണ് ഭഗവാന്‍ ഒരുക്കിയിരിക്കുന്നത്. കലികാല ദുരിതങ്ങളൊഴിഞ്ഞ് സമാധാനവും സമ്പല്‍ സമൃദ്ധിയും സന്തോഷവും പ്രദാനം ചെയ്യുന്നതിന് ശ്രീ മഹാദേവന്‍ ഒരുക്കിയിരിക്കുന്ന അകലങ്ങളില്ലാത്ത ആത്മബന്ധം നിലനിര്‍ത്താന്‍ ഒരു കാര്യം മാത്രം മതിയാകും.
"മനുഷ്യനാകണം"